ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഫെബ്രുവരി 11, ചൊവ്വാഴ്ച

ലവന്മാരും ധാരാവിയും.

ശരീഫ് തേനത്ത്
ഡിസംബറിൽ ഒഫീസിന്റെ പൂട്ട് തുറക്കാത്ത
ഒരു തണുത്ത സണ്‍‌ഡേ സുപ്രഭാതത്തിൽ ഉച്ചക്ക് ഒരു മണിക്ക് എണീറ്റ് പല്ല് തേക്കാതെ സുലൈമാനി കുടിച്ചപ്പോൾ തലക്കകത്ത് ബാക്കി കിടന്ന ഉറക്കത്തിന്റെ ബ്ലാക്ക്‌ ഷെയ്ഡിൽ പൊടുന്നനെ പ്രകാശം പരന്നു..

പ്രകാശം ബോധമണ്ഡലമായി രൂപാന്തരപ്പെട്ടു .. ബോധമണ്ഡലം ഭീമാകാരമായി വളർന്നു മെഡുല്ല ഒബ്ലോംഗേറ്റയിൽ മുട്ടിയപ്പോൾ ഘനഗംഭീരമായ ശബ്ധമുണ്ടായി..
ശബ്ദം ഇങ്ങനെയായിരുന്നു :."വിളിക്കുക".. അൻറെ ചെങ്ങായിയായ ഷനീബിന്റെ നാമത്തിൽ വിളിക്കുക.!
ഉടനെ ഫോണെടുത്ത് ഞെക്കി വിളിച്ചു..
"ഹലോ.."
ശനീബ്:..ഹാ.. എന്തൊക്കാണ് ..?

"കൊച്ചു വർത്തമാനങ്ങൾക്കു താല്പര്യമില്ല മിസ്റ്റർ .. മാറ്റർ പറയാം ..
അടുത്ത വ്യാഴാഴ്ച്ചല്ലാത്ത അയിന്റെ പിറ്റത്തീന്റെ പിറ്റത്തെ വ്യാഴാഴ്ച നിങ്ങൾ ബോംബായീക്ക് വണ്ടി കേറണം ..

"ബോംബായിലെന്താണ്..?


:"ഡിസംബറായാതോണ്ട് നല്ല തണുപ്പാണ്"..

:"തണുപ്പായാലെന്താണ് ?

: "തണുപ്പത്ത് പച്ചമുളക് കടിച്ചു കൂട്ടി സമോസ പാവും മസാല ചായയും കഴിക്കാൻ നല്ല രസാണ്."

"സമോസ മാത്രേള്ളൂ..? പരിപ്പുവട കിട്ട്വോ..?

"കണ്ട വലതുപക്ഷ മൂരാച്ചികൾക്കും പിന്തിരിപ്പൻ എമ്പോക്കികൾക്കും തിന്നാനുള്ളതല്ല പരിപ്പുവട .!!

ഓ..അത് ഞാനോർത്തില്ല.. അപ്പൊ സഖാവാണെന്നു പറഞ്ഞാൽ പരിപ്പുവട കിട്ട്വോ..?

"സോറി, പരിപ്പുവട കിട്ടൂല, സഖാവാനെന്നു പറഞ്ഞാൽ ശിവസേനക്കാരന്റെ കയ്യീന്ന് താടിക്ക് തട്ട് കിട്ടും..! അരേ..വോ മേരാ സബ്ജക്റ്റ് നഹീ ഹേ ഭായ് സാബ്.. സുനോ.. താങ്കൾ വണ്ടി കേറേണ്ടതാകുന്നു!
"
ന്നാൽ അങ്ങനെ .. hmm ..ഏതു വണ്ടി .? നല്ല വണ്ടിയോ കള്ള വണ്ട്യോ..? ഒരു മുംബൈ ഇഫെക്ടിന് കള്ള വണ്ടി കേറ്യാലോ..?

"സ്പെഷ്യൽ കള്ളവണ്ടി കേറേണ്ടതില്ല. കാങ്ക്രസ്സ് ഭരണകാലത്തെ ബണ്ടിയല്ലേ .. ഫലത്തിൽ സമം.!
..ഹാ പിന്നെയ്, സിൽബന്ധികളേം വിളിച്ചോളൂ..
..ന്നാ ശരി..

* * * * * * * * * * * * * * * * * ** * * **
അങ്ങനെ ലവന്മാർ വന്നു..

ചത്രപതി ശിവജി ടെർമിനസിൽ തീവണ്ടിയിലെത്തിയ പാലത്തിങ്ങലെ കണ്ട്രി പീപ്പിൾസിനെ രാജകീയമായി സ്വീകരിച്ചിറക്കി.
അന്ധേരിയിലേക്ക് പോണ ട്രെയിനും ബദലാപൂരിലേക്ക് പോണ ട്രെയിനും കുഴൽ വിളിച്ച് സ്വാഗതമോതി ..
കുശലാന്വേഷണപരീക്ഷണങ്ങൾക്കിടെ സമീറാക്ക അല്പം സംഭ്രമത്തോടെ പറഞ്ഞു :"ഷെരീഫെ, ഞമ്മക്ക് ഇവ്ടുന്ന് വേം പോവാം..ഇബടെ നിന്നാ ശര്യാവൂല. "
"അതെന്തേ സമീറാക്കാ..?"
"പണ്ട് കസബ് വന്നു വിളയാടിയ സ്ഥലല്ലേ.."
"ഹാ..അയിനെന്താ..അതൊക്കെ ഓൾഡ് സ്റ്റോറി, ഇപ്പൊ പേടിക്കാനൊന്നുല്ല്യന്ന് .."
"അയ്.. പേടിണ്ടായിട്ടല്ല.. പക്ഷെ, ആ തോക്കും പിടിച്ച് നിക്കണ പോലീസേരൻ ഇന്നെ തന്നെ നോക്ക്ണുണ്ട്..!"

സുബ്ഹാനള്ള!! ഗണ്ണാണ്..
എസ്കേപ് !.

ജി പി ഒ-ക്കു മുന്നിൽ ടാസ്കി പിടിക്കാൻ നിക്കുമ്പോൾ, പ്രതിമാവൃതമായ വി ടി സ്റ്റെഷന്റെ മോളിൽ ആകാശത്ത് തല നീട്ടി പല്ലിളിച്ചു നിൽക്കുന്ന ശ്വാന പ്രതിമയിൽ കണ്ണ് നട്ട് മുബഷിർ പറഞ്ഞു :"ഉം..ഉഷാറാണ്..ലണ്ടൻ ഇന്റർനാഷണൽ റെയിൽവെ സ്റ്റെഷന്റെ അതേ പോലെ ണ്ട് !".

* * * * *

അതിഥികൾ ഉണ്ടായതോണ്ട് ബ്രേക്ഫാസ്റ്റ് ഔദ്യോഗികമായി പൊറാട്ടയും ചിക്കനുമാക്കി. അര മണിക്കൂർ നേരത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നു. ഒരു ചെറിയ മൽപ്പിടുത്തത്തിനൊടുവിൽ കോഴി കീഴടങ്ങി.
പൊറോട്ടയോട് ഘോരയുദ്ധം തന്നെ വേണ്ടി വന്നു.

അതിഥികൾ ടൂറിസ്റ്റുകളായതോണ്ട് മോണിംഗ് ഷോ ഗേറ്റ് വേ ഓഫ് ഇന്ത്യയിലൊട്ട് മാറ്റേണ്ടതുണ്ടായിരുന്നു.






ഗേറ്റ് വേ ഓഫ് ഇന്ത്യ മുംബൈയിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നാണ്.
പണ്ട്, ബ്രിട്ടീഷുകാർ ഇന്ത്യ വാണ കാലത്ത് വിക്ടോറിയ രാജ്ഞി എന്ന ജന്തുപ്പുടി തന്റെ കോളനിയായ ഇന്ത്യ ആദ്യമായി സന്ദർശിക്കാൻ വന്നപ്പോൾ അവർക്ക് കപ്പലിറങ്ങി ഇന്ത്യയിലേക്ക് കടക്കാൻ വേണ്ടി നംമ്മുദെ പൂർവ്വിക അടിമകൾ നിർമ്മിച്ചതാണ് പ്രസ്തുത ഗേറ്റ്.
ഗേറ്റ് കണ്ടാൽ കക്ഷിക്ക് ആദം നബിന്റെ കാലത്തെ മന്ഷന്മാരുടെ ഹൈറ്റ് ഉണ്ടായിര്ന്നോന്നു ന്യായമായും ചിന്തിച്ചു പോകും.

സാമ്രാജ്യത്വത്തിന്റെ ആ പ്രൌഡ സ്മാരകത്തിന് അഭിമുഖമായി തന്നെ ഉശിരനൊരു കുതിരപ്പുറത്തേറിയിരിക്കുന്ന ചത്രപതി ശിവജി എന്ന മറാഠാ രാജാവിന്റെ മനോഹര ശിൽപ്പമുണ്ട്. അധിനിവേശത്തിനെതിരെ പോരാടിയ ആ വീരന്റെ പ്രതിമ ഗേറ്റ് വെ ഓഫ് ഇന്ത്യ എന്ന അധിനിവേശ സ്മാരകത്തിന്റെ പ്രൌഡിയിൽ കാഴ്ച്ചക്കാരാൽ അവഗണിക്കപ്പെട്ട് നിൽക്കുന്ന കാഴ്ച ചരിത്രബോധമുള്ളവരിൽ സഹതാപവും വിമ്മിഷ്ടവും ഉണ്ടാക്കും.

തൊട്ടപ്പുറത്ത് തന്നെ കേരളം ഭ്രാന്താലയമെന്നു പ്രസ്ഥാവിച്ച വിവേകാനന്ദ സ്വാമിയുടെ ഒരു കൂറ്റൻ പ്രതിമയുമുണ്ട്.
" കേരളത്തിൽ മാത്രല്ലെടോ മുംബൈയിലും പിരാന്തന്മാരുണ്ട്. അവരെയൊക്കെ ഇബടെ നിന്ന് സ്ഥിരമായി കണ്ടോ " എന്നും പറഞ്ഞ് ദേശ ബോധം വ്രണപ്പെട്ട ഏതോ മലയാളി ശിൽപ്പിയായിരിക്കണം ആ പ്രതിമ അവിടെ സ്ഥാപിച്ചത്.!

"ലാ ഹൗല വലാ..! ഇബടെ മൊത്തം പിരാന്തമ്മാരാണല്ലോ.!  " എന്ന ഭാവത്തിൽ കാഴ്ചക്കാരെ നോക്കി കയ്യും കെട്ടിയുള്ള മൂപ്പരുടെ നില്പ്പ് കണ്ടാൽ ചിരി വരും.

...................
അങ്ങനെ മൂന്നു ദിവസം കൊണ്ട് ഫോർട്ട്‌ മുംബൈയും , വടക്കൻ ആൻഡ്‌ പടിഞ്ഞാറൻ മുംബൈയും ലെവന്മാരെ കറക്കി കാണിച്ചു.

എല്ലാം കണ്ടു കഴിഞ്ഞിട്ടും ടൂറിസ്റ്റുകൾ പോണ മട്ടില്ല.!!

ഫാഷൻ സ്ട്രീറ്റിലെ പർച്ചേസും കഴിഞ്ഞ് ബോംബ റസ്റ്റോറണ്ടിൽ കേറി സ്പെഷ്യൽ തലശ്ശേരി ദം ബിര്യാണിയും വാങ്ങിച്ചു കൊടുത്തു.
എന്നിട്ടും പഹയന്മാർ പോണ മട്ടില്ല.!

ഒടുക്കം ഞാൻ പറഞ്ഞു. : "അല്ലാ, മാറ്റന്നാളെ നബി ദിനാണല്ലോ ല്ലേ.. നാട്ടിൽ നെയ്ച്ചോറും പോത്തും ഒക്കെ ഉണ്ടാവും..ഹോ, ഇങ്ങലെയൊക്കെ ഒരു ഭാഗ്യം. മറ്റന്നാളെ മൂന്നു നേരം ഇരുന്ന് ബീഫ് തട്ടാം ല്ലേ.." ഹായ് വാ,..

ശനീബിന്റെ സിമ്പിൾ മറുപടി കേട്ട് ഞാൻ മൂഞ്ചിപ്പോയി. :" നാട്ടില മൊത്തം പോത്തുകൾക്കും കുളംബ് രോഗാണ്ടോ.. ചിക്കനാണേൽ തിന്നു മടുത്തു,. ഇനി നബിദിനം കഴിഞ്ഞ് രണ്ടീസം കഴിഞ്ഞ് പോകാം.."

പടച്ചോനെ പെട്ടല്ലോ...ഇനി ആകെ ഒരു വഴിയെ ഒള്ളു,, ദി അണ്ടർ വേൾഡ് വഴി.!

ഞാൻ ദി ലാസ്റ്റ് അടവെടുത്തു.: "ഹാ..പിന്നേയ്, നാളെ നമ്മക്ക് ഒരു സ്ഥലം കാണാൻ പോവാം..?

"ഏത് സ്ഥലം.?"

"അത്.. ഇങ്ങൾ ഈ ധാരാവി ധാരാവീന്ന് കേട്ടിട്ടുണ്ടാ..?"

"ആ.. കേട്ടിട്ട്ണ്ട് ..പുലിവാൽ കല്യാണത്തിലെ ധാരാവ്യല്ലേ..?"
"അതല്ല,,ഇത് അണ്ടർവേൾഡ് ധാരാവി.! ദാവൂദ് ഇബ്രാഹിമിന്റെ ധാരാവി, ചോട്ടാ ഷക്കീലിന്റെം, ഹാജി മസ്താന്റെം ബാൽ താക്കരെന്റെം ധാരാവി.!

അങ്ങനെ പിറ്റേന്നു രാവിലെ കുളിച്ചൊരുങ്ങി ധാരാവിയിലെ ഏറ്റവും മാന്യമായ സ്ഥലത്ത് ടൂരിസ്ടുകളെയും കൊണ്ട് ലാന്ഡ് ചെയ്തു.
ചേരിക്കുള്ളിലേക്ക് ലൈൻ ആയി മാര്ച് ചെയ്തു.

അര മണിക്കൂർ കഴിഞ്ഞപ്പോ ചേരിയുടെ അകം കണ്ടു വിയർത്ത് കുളിച്ച മൂന്ന് ദേഹങ്ങൾ പുറത്തു വന്നു.

ഞാൻ നിസ്സംഗമായി പറഞ്ഞു : " ഇത് മൻഷന്മാർ താമസിക്കണ ധാരാവി... ഇനി അധോലോകത്തിന്റെ ധാരാവി കാണാൻ പോകാം..ബാ ..

സമീറാക്ക വളരെ പ്രയാസത്തോടെ പറഞ്ഞൊപ്പിച്ചു.: " വേണ്ടാ ....ഞാൻ കട പൂട്ടി പോന്നതാണ്..ആ പൂട്ട് തുരുംമ്പെടുക്കും,.. ഇനിക്ക് ഇന്നന്നെ പോണം."

"നാട്ടാര് അവിടെ നബിദിനം ആഘോഷിക്കുമ്പം മുജാഹിദായ ഞാൻ അതിനെ വിമർശിക്കാതെ ഇവിടെ, അത് ശരിയാവൂല. എനിക്കും ഇന്ന് പോണം ". ശനീബ് ഏറെ ദുഖസങ്കടത്തോടെ പറഞ്ഞു

മുബഷിർ കരച്ചിൽ കടിച്ചമർത്തി വാക്കുകല്ക്കായി പരതി.

------------------------------
പിറ്റേന്ന് രാവിലെ ലവന്മാരെ നേത്രാവതി എക്സ്പ്രെസ്സിന്റെ സ്ലീപർ കോച്ചിൽ തള്ളി ഞാൻ നേരെ കേരള മുസ്ലിം ജമാ-അത്തിന്റെ ഓഫീസിൽ ചെന്ന് നബിദിനം വക കുളംബ് രോഗമില്ലാത്ത മൂരി ബിരിയാണി അടിച്ചു.
മൂരി എറച്ചിക്ക് നല്ല ടേസ്റ്റ് ആണ്.!  
Like ·  · 3 hours ago in Mumbai

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ