ജീവിതത്തിന്റെ തിരക്കിനും, പ്രാരാബ്ധത്തിനും ഇടയിലും സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സുഖമുള്ള ഒരു നൊമ്പരമായി അനുഭവപ്പെടാത്തഒരാളു പോലും ഉണ്ടാവുകയില്ല...കളിച്ചും, ചിരിച്ചും, പരിഭവിച്ചും, പിണങ്ങിയും, നടന്ന കുട്ടിക്കാലം, ഉപ്പയുടെയും ഉമ്മയുടെയും , സഹോദരങ്ങളുടെയും സ്നേഹ വാത്സല്യത്തിന്റെ ചൂടും, സുഖവും അനുഭവിച്ച സ്കൂള്‍ ജീവിതത്തിലെ ദിവസങ്ങള്‍, ക്രിക്കറ്റ്‌ ഉം ഫുട്ബോളും നെഞ്ചിലേറ്റി ആരാധിച്ചു പോന്ന ദിവസങ്ങള്‍, അങ്ങിനെ എല്ലാ ഓര്‍മ്മകളും നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് നാം എല്ലാം ജനിച്ചു വളര്‍ന്ന നമ്മുടെ നാട്ടിലെകാണ്.ഇനിയുള്ള കാലം നമ്മുടെ നാട് എപ്പോഴും നമ്മോടൊപ്പം ഉണ്ടായി കൊള്ളണമെന്നില്ല, അല്ലെങ്കില്‍ നമ്മള്‍ അവിടെഉണ്ടായി കൊള്ളണമെന്നില്ല, ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കി നമ്മള്‍ എവിടെപോയാലും എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നുന്നത് ഇങ്ങോട്ട മാത്രമല്ലെ..? ..വര്‍ഷങ്ങളില്‍ വീണു കിട്ടുന്ന വിരലില്‍ എണ്ണാവുന്ന അവധി ദിവസങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം പോലെ നാട്ടിലേക്ക് സന്ദര്‍ശനം നടത്തുന്ന നമ്മളില്‍ പലർക്കും ആ പഴയ ഓര്‍മ്മകള്‍ എല്ലാം ഒരിക്കൽ കൂടി പങ്കുവെക്കാൻ ആഗ്രഹമില്ലേ?..അതിനാൽനാട്ടിലെ ഓർമ്മകൾ,വിശേഷങ്ങൾ ,കഥകൾ,അനുഭവങ്ങൾ എല്ലാം എല്ലാവരുമായും ഇവിടെ പങ്കുവെക്കൂ...

2014, ഓഗസ്റ്റ് 24, ഞായറാഴ്‌ച

ഹസ്സാങ്ക സാഹിബും കുഞ്ഞാപ്പു ഹാജിയും

Safdar Palathingal
കാസലൈറ്റിന്റെ മാന്‍ന്റലും,ഒരു ഇഞ്ച് ,രണ്ടു ഇഞ്ച് മുള്ളാണിയും, വെള്ള പേപ്പറും,പരുന്തിലീസ് (പട്ടം) ഉണ്ടാക്കാനുള്ള പേപ്പറും തുടങ്ങി 
സകല അവശ്യ സാധനങ്ങളും ലഭ്യമായിരുന്ന വെറും സ്റ്റേഷനറിക്കട മാത്രമല്ലായിരുന്നു മര്‍ഹൂം കുഞ്ഞാപ്പുഹാജിയുടെത്‌. അത് ഒരു വായനശാലയായിരുന്നു,സിറാജ് ദിനപത്രം,രിസാല, സുന്നിവേദി,പൂങ്കാവനം തുടങ്ങി എല്ലാ സുന്നി പ്രസിദ്ധീകരണങ്ങളും അവിടെ വെച്ച് ആര്‍ക്കും വായിക്കാമായിരുന്നു,അതിലുമപ്പുറം സംഘടനാ വിശേഷങ്ങളും മറ്റുംഎല്ലാവരോടും സഹിഷ്ണുതയോടെ ചര്‍ച്ച ചെയ്യുന്ന ഒരു കേന്ദ്രം .അതിനു സമാന്തരമായി വെറും പച്ചക്കറികള്‍ (തക്കാളി ,ഉള്ളി ,മൈസൂര്‍ ബായക്കയും )മാത്രം വില്‍ക്കപ്പെടുന്ന പച്ചക്കറിക്കട കച്ചോടം മാത്രമായിരുന്നില്ല സി.ഹസ്സാങ്ക സഹിബിന്റെതും..അത് ഹരിത രാഷ്ട്രീയത്തിന്റെ പച്ച തുരുത്തും,ആശാകേന്ദ്രവുമായിരുന്നു,. അവിടെ ചന്ദ്രിക, തൂലിക,മഹിളാ ചന്ദ്രിക,തുടങ്ങി ലീഗ് പ്രസിദ്ധീകരണങ്ങളും ,അഫ്കാര്‍,മുഹല്ലിം ,തുടങ്ങിയ സുന്നീ പ്രസിദ്ധീകരണങ്ങളും അവിടെ ആവശ്യക്കാര്‍ക്കു ലഭിക്കുകയും,പ്രസ്ഥാനിക ചര്‍ച്ചകളും നടക്കുമായിരുന്നു. വ്യത്യസ്ത വീക്ഷണങ്ങള്‍ ഉള്ളവരും ഈ രണ്ടിടങ്ങളില്‍ എത്തുകയും സഹിഷ്ണുതയോടെ ചര്‍ച്ച ചെയ്യുകയും,സംവദിക്കുകയും ചെയ്യുമായിരുന്നു.
ശരാശരി പാലതിങ്ങലില്‍ കാരന്റെ വായനയുടെ തുടക്കം ഇവിടങ്ങളില്‍ നിന്നായിരുന്നു.ഈ പഴയ കടകള്‍ക്ക് തിരശ്ചീനമായി കാവ്യനീതി പോലെ വായനക്കാര്‍ക്ക് വേണ്ടി ഇന്ന് മീഡിയ ലൈബ്രറി
ഉയര്‍ന്നു നില്കുന്നു ,, പുതു തലമുറക്ക് വായനയുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നു വെച്ചിരിക്കുന്നു.ഇന്ന്‍
ചെഗുവേരയുടെ സിയാര മാസ്ട്ര പര്‍വതനിരകളിലെ ഗറില്ല പോരാട്ടവും ,മാവേസേത്തുങ്ങിന്റെ യനാണ് മലനിരകളിലെ സമരവീര്യവുമൊക്കെയും,സൂഫിസവും ,ഗാന്ധിസവും ,മതവും, രാഷ്ട്രീയവും നമ്മുടെ ഗ്രൂപ്പില്‍ ചൂടേറിയ സംവേദനങ്ങള്‍ക്ക് വിധേയമാകുന്നത് വായന പകര്‍ന്നു നല്‍കിയ ഈ അടിത്തട്ടില്‍ നിന്നാണ്..നമുക്ക് സംവദിക്കാനും ,അനുഭവങ്ങള്‍ പരസ്പരം പങ്കു വെക്കാനും ഗ്രൂപിനു പുറമേ ഇതാ ബ്ലോഗും വന്നിരിക്കുന്നു .. നമ്മുടെ നാടിലെ യുവതയും കാലത്തോടൊപ്പം സഞ്ചരിക്കാന്‍ തയ്യാറായിരിക്കുന്നു..നമുക്ക് എല്ലാ വിജയങ്ങളും ആശംസിക്കാം ...

ഹസ്സാങ്കയും കുഞ്ഞാപ്പു ഹാജിയും 
Click Here

2014, ഓഗസ്റ്റ് 13, ബുധനാഴ്‌ച

പുറ്റട്ടാറ ചരിതം.

 പണ്ട് പുറ്റാട്ടുതറയുടെ പേര് പുറ്റാട്ടുതറ എന്നായിരുന്നില്ല.
shareef Thenath
പുറ്റട്ടാറയുടെ പേര് ഉണ്ടായതിനു പിന്നിൽ വലിയൊരു ചരിത്രമുണ്ട്.

 പണ്ടത്തെ പുറ്റാട്ടുതറയുടെ പേര് മീൻകുഴിക്കര എന്നായിരുന്നു. മീൻകുഴി എന്നു വെച്ചാൽ നിറയെ മീനുകളുള്ള കുഴി.

മുണ്ടാപാടം 
 മീന്കുഴിക്കര ദേശത്തിന്റെ തെക്കുകിഴക്കൻ അതിർത്തിയിൽ, അതായത് നഗര പാടത്തിന്റെ പടിഞ്ഞാറു വശത്തായുള്ള വിശാല ഭൂമിക മുഴുവൻ മീൻകുഴികളായിരുന്നു. ബിലാലും പരലും മത്തിയും തിലോഫിയും നെയ്മീനും, എന്നുവേണ്ട നത്തോലി എന്ന ചെറിയ മീൻ വരെ ദേശത്തെ കുഴികളിൽ പാര്ത്തിരുന്നു.

 ആവോലി, അയക്കൂറ, കട്ട്ല തുടങ്ങിയ സവർണ്ണ- വരേണ്യ വർഗ മത്സ്യങ്ങൾക്ക് ദേശത്തേക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെങ്കിലും, വർണ്ണ വിവേചനം കരയെ തൊട്ടു തീണ്ടിയിട്ടില്ലാത്തോണ്ട് ആഫ്രിക്കൻ മൊയ്യ് വരെ ലഭ്യമായിരുന്നു.!
 പൊതു സമ്പത്തായിരുന്ന ഈ മീൻകുഴികളിൽ നിന്ന് ആര്ക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ചൂണ്ടയിട്ടു മാത്രം മീൻ പിടിക്കാം. വല വീശി മൊത്തത്തിൽ അടിച്ചോണ്ട് പോകുന്ന റിലയന്സിന്റെതു മാതിരി ആഗോള കമ്പോള ബുദ്ധിക്ക് പക്ഷേ ദേശത്ത് വിലക്കുണ്ട്.
അധ്വാനിക്കുന്നവന്റെ വിയർപ്പിന് കരയിൽ മുമ്പേ വലിയ വില കല്പ്പിച്ചിരുന്നു.

 പണ്ടേക്കു പണ്ടേ സമ്പൂർണ്ണ സോഷ്യലിസം നില നിന്നു പോന്നിരുന്ന ദേശത്ത് , കാരണവന്മാർ കുഴിവക്കത്തെ തെങ്ങിൻ കുറ്റികളിൽ ചാരിയിരുന്ന് ബീഡി പുകച്ച് ചൂണ്ടയിട്ട് ഓരോ ദിവസവും ആവശ്യമായ മീൻ മാത്രം പിടിച്ച് പൊരിച്ചു തിന്നും കറി വെച്ചും മീൻ ബിരിയാണി വെച്ചും തിന്നും കുളിച്ചും അന്യൻറെ ശബ്ദം സംഗീതമായി ശ്രവിച്ചും വസിച്ചു.

 ദേശത്തിന്റെ സമ്പൽ സമൃദ്ധിയിലും ഐക്യത്തിലും മുതലാളിത്ത വ്യവസ്ഥിതിയുള്ള അയൽദേശങ്ങളായ കൊട്ടന്തലക്കും പാലതിങ്ങലിനും അങ്ങേയറ്റം അസൂയയും കുശുമ്പും കണ്ണുകടിയും തലവേദനയുമായിരുന്നു.
                           അങ്ങനെയുള്ള ദേശത്തിന്റെ പേര് മാറിയ കഥയാകുന്നു പറയാൻ പോകുന്നത്.
 -----------------------------------

 രാത്രിയെ നേരം വെളിപ്പിക്കാൻ ആദ്യമെണീറ്റ് കൂവുന്ന പൂവൻ കോഴി അലാറത്തിൽ സ്നൂസടിച്ച് ഒന്നൂടെ മൂടിപ്പുതച്ച് കിടന്നുറങ്ങുന്നത്ര തണുപ്പും, അവ്വൽ സുബിഹിക്ക് തന്നെ ചൂണ്ടയിടുന്ന ചെറുപ്പക്കാരുടെ ബ്ലാക്ക് ഹവാനയുടെ കട്ടപ്പുക പ്രണയാർദ്രമായി അലിഞ്ഞു ചേരുന്ന കോടയുമുള്ള ഒരു മഴക്കാലത്താണ് സംഭവം നടക്കുന്നത്.
                                  എക്സാക്റ്റ് കാലം പറയാണെങ്കിൽ, പോർച്ചുഗീസിലെ രാജാവിന്റെ പെണ്ണുങ്ങൾക്ക്‌ ഒണക്കമത്തി പൊരിച്ചത് കൂട്ടി ചോറ് തിന്നാൻ പൂതി തോന്നിയ ഒരു കെട്ട കാലത്ത്.!

                 പൂതി കൂടിക്കൂടി അവസാനം ചോറ് തിന്നാൻ വാ പൊളിക്കാൻ പറ്റാതായി. അന്ന് യൂറോപ്പിൽ മത്തി കിട്ടാത്ത കാലമായിരുന്നു. ചൈനക്കാർ കേരളത്തിൽ നിന്ന് കൊണ്ടോയി എക്സ്പോർട്ട് ചെയ്യുന്ന മത്തി മാത്രമായിരുന്നു യൂറോപ്പിൽ കിട്ടിയിരുന്നത്.

                  പതുക്കെ പതുക്കെ പെണ്ണുങ്ങളെ മത്തികൊതി മക്കളിലേക്കും പടരുന്നത് രാജാവ് ബേജാറോടെ നോക്കി നിന്നു. കൊട്ടാരമാകെ ഒണക്ക മത്തിയുടെ സ്നിഗ്ധ ഗന്ധം ഒഴുകി നടന്നു.
രാജ്ഞിയുടെ കണ്ണുകളിൽ മത്തിക്കുഞ്ഞുങ്ങൾ നീന്തിത്തുടിച്ചു. അകത്തളങ്ങളിലെ ആനച്ചുമരുകളിൽ മത്തിസ്ത്രോതങ്ങളുടെ പ്രതിധ്വനികൾ മുഴങ്ങി.
 ആകെ മൊത്തം കുന്തത്തിലായ രാജാവ് അവസാനം പോർച്ചുഗീസിലെ ഏറ്റവും വല്യ മീൻ പിടുത്തക്കാരനായ വാസ്കോ മാപ്ലയെ ആളയച്ചു വരുത്തി. മൂപ്പർ കടലിൽ കപ്പലോടിച്ച് കൊമ്പൻ സ്രാവുകളെ പിടിക്കുന്ന രസികൻ ഏർപ്പാടിൽ യൂറോപ്പിലെ മാർപ്പാപ്പയായിരുന്നു.

 രാജാവ് പറഞ്ഞു: "കേട്ടോ, വാസ്കോ സഹിബേ.. പോണ്ടാട്ടിക്കും പുള്ളങ്ങൾക്കും മത്തി വേണം. തെക്ക് പടിഞ്ഞാറ് വച്ച് പിടിച്ചാൽ ഇന്തുസ്ഥാനെന്നോ ഇന്ത്യയെന്നോ അങ്ങനെന്തോ ഒരു കുന്തമുണ്ട്. അവിടെ മത്തി ധാരാളം കിട്ടുമെന്ന് പഴയ ചെല താളിയോലകളിൽ വായിച്ച്ക്ക്. നാളെ തന്നെ വിട്ടോ.. മത്തീം കൊണ്ടല്ലാതെ ഇഞ്ഞി അന്റെ തല ഈ രാജ്യത്ത് കാണര്ത്.! "

 ഉത്തരവ് ഏറ്റെടുത്ത് വാസ്കോ പറഞ്ഞു: " ശെരി രാജാവേ, കടല് വറ്റിച്ചിട്ടാണേലും ശരി ഞമ്മൾ മത്തി കൊണ്ട് വരും.!

 രാജാവ്: " കടല് വറ്റിക്കാൻ ഇയ്യും അന്റെ വെല്ല്യാപ്പിം കൂട്ട്യാക്കൂടൂലഡോ .!.. നാടകത്തിലെ മാതിരി ഡയലോഗടിക്കാതെ മത്തി കൊണ്ട് വാ.."

 അങ്ങനെ രാജാവ് കൊടുത്ത കപ്പലും ആൾക്കാരുമായി വാസ്കോ ഡി ഗാമ പുറപ്പെട്ടു. കുറേ ദിവസം വെള്ളത്തിൽ കിടന്ന് പൂസായ കപ്പൽ തലക്ക് വെളിവില്ലാതെ എങ്ങോട്ടോ നീന്തി അവസാനം കറങ്ങിതിരിഞ്ഞ് അറബിക്കടലിലെത്തി.
നിറയെ വലയിട്ടിട്ടും ഗാമക്ക് ഒരു ആമയെ പോലും കിട്ടിയില്ല. വലയിട്ട് വലയിട്ടു ഗാമക്ക് കടലിനോട് വെറുത്തു പോയി.

 അങ്ങനെ ഒരു വൈകുന്നേരം മീൻ കിട്ടാത്ത സങ്കടത്തിൽ നാല് മില്ലി കൾസടിച്ച് ഡക്കിൽ കാറ്റു കൊണ്ടിരിക്കുമ്പോ ദൂരെ അതാ വെള്ളത്തിൽ ഒരു തിളക്കം കാണുന്നു.  മീൻകൂട്ടമാണെന്ന് കരുതി കപ്പൽ തിരിച്ച ഗാമ തിളക്കം കണ്ടയിടത്തെത്തിയപ്പോൾ പേടിച്ച് നിക്കറിൽ മുള്ളിപ്പോയി.
                                   ചെമ്മീൻ സിനിമയിലെ പളനിയെ മുക്കിയ ആ ഗംഭീരൻ ചുഴി റിഹേർസൽ നടത്തുകയായിരുന്നു അവിടെ. അതിന്റെ തിളക്കമായിരുന്നു ഗാമ കണ്ടത്.!  കണ്ടു നിക്കുന്നതിനിടെ ചുഴി കപ്പലിനെ വലിച്ചെടുത്ത് ഒരേറു വെച്ച് കൊടുത്തു.
ഏറിന്റെ ശക്തിയിൽ മങ്ങിയ കടലിരുട്ടിലൂടെ നിയന്ത്രണമില്ലാതെ കപ്പൽ  അതിവേഗം ഒഴുകി. കടലുണ്ടി അഴിമുഖത്തൂടെ പുഴയിലേക്ക് കടന്ന കപ്പൽ ഉള്ളണത്തെ കൽപ്പുഴ വഴി മീങ്കുഴിക്കരയിലെ മുണ്ടാപ്പാടത്ത് വന്ന് വരമ്പിലിടിച്ചു നിന്നു.!!!

 പിറ്റേന്ന് രാവിലെ ദേശനിവാസികൾ കണ്ടത് പേടിച്ചു വിറച്ച് കപ്പലിലിരിക്കുന്ന ഒരു കൂട്ടം വെള്ള മനുഷ്യരെയാണ്.

 അതിഥി ദേവോ ഭവ എന്നാണല്ലോ..അത് പണ്ടും അങ്ങനന്നെ ആയതോണ്ട് ദേശക്കാർ അതിഥികളെ പുട്ടും മീങ്കറിയും കൊടുത്തു സ്വീകരിച്ചു. മീങ്കുഴികളിലെ തിളങ്ങുന്ന മത്തികളെ കണ്ട് ഗാമയുടെ നാവിൽ വെള്ളമൂറി.

 ഗാമ ദേശത്തെ മൂപ്പനോട്‌ ചോദിച്ചു: " ഞങ്ങള്ക്ക് ഇവിടെ ഒരു കോട്ട കെട്ടണം. ഇടയ്ക്കിടെ മീൻ കൊണ്ട് പോവാനാണ്."

 മൂപ്പൻ ചിരിച്ചു: "സോറി, മിസ്റ്റർ വാസ്കോ.. മീനുകൾ ഈ കരയുടെ മാത്രമാണ്. ഇവിടെ കോട്ട കെട്ടാൻ പറ്റില്ല."

 ഗാമ : എങ്കിൽ ഞങ്ങൾക്ക് ആയുധം എടുക്കേണ്ടി വരും."

മൂപ്പൻ "അങ്ങനാണേൽ ഞങ്ങൾക്ക് നിങ്ങൾടെ മയ്യത്ത് എടുക്കേണ്ടി വരും.!"

 പിന്നെ യുദ്ധമായിരുന്നു.!
സായുധ സമരം.! ദേശത്തെ ധീരർ ഘോര ഘോരം യുദ്ധം ചെയ്തു.

മീങ്കുഴികളിലെ മീനുകൾ മനുഷ്യ രക്തത്തിന്റെ രുചിയറിഞ്ഞു.
 പരാജിതരായ പറങ്കികൾ കൊട്ടന്തലയിലേക്ക് രക്ഷപ്പെട്ടു കളഞ്ഞു.!

 കൊട്ടന്തലയിലെത്തിയ പറങ്കികളെ നാട്ടുകാർ മാലയിട്ടു സ്വീകരിച്ചു.! വാസ്കോ അവർക്ക് കശുവണ്ടിയും ചീനിക്കയും കൊടുത്തുസോപ്പിട്ടു. തോൽവിയുടെ കയ്ക്കുന്ന ഓർമ്മകൾ മറക്കാൻ അവർ പാലത്തിങ്ങൽ പുഴയിൽ നീന്തിക്കുളിച്ചു.
ഗാമ കൊട്ടന്തലയിൽ 
ചീപ്പിങ്ങലിൽ പോയി എരുന്ത്‌ പിടിച്ച് പൊരിച്ചു തിന്നു.
 നാട്ടുകാർ പറങ്കികൾക്ക് വേണ്ടി ഫെയ്ക്ക് മീങ്കുഴികൾ ഉണ്ടാക്കി പ്രീതിപ്പെടുത്തി അവർടെ സങ്കടം മാറ്റിക്കൊടുത്തു.

 അതേ സമയം പുറ്റട്ടാറയിൽ ഡാർക്ക്
സീനായിരുന്നു..
 മീനുകളുടെ പേരിൽ രക്തം ചിന്തേണ്ടി വന്നതിന്റെ സങ്കടത്തിൽ അവർ മീനുകളെ പാടത്തേക്ക് തുറന്നു വിട്ടിട്ട് മീന്കുഴികളൊക്കെ മണ്ണിട്ട്‌ മൂടി. കൊതിമൂത്ത അധിനിവേശക്കാർ ഇനിയും യുദ്ധത്തിനു വരാതിരിക്കാനുള്ള മുന്കരുതൽ കൂടിയായിരുന്നു അത്.

 മണ്ണിട്ട്‌ മൂടിയ മീങ്കുഴികളിൽ കുറെ കാലം കഴിഞ്ഞപ്പോൾ വലിയ മണ്‍പുറ്റുകളുണ്ടായി.
 അങ്ങനെയാണ് പിന്നീട് മീങ്കുഴിക്കര "പുറ്റാട്ടുതറ" ആയി മാറിയത്..!

 പാടത്ത് വെള്ളമിറങ്ങുന്നത് കണ്ട ഗാമ കപ്പലെടുത്ത് യാത്ര തിരിച്ചു. കൂടുതൽ പടയുമായി വന്ന് പുറ്റട്ടാറയെ കീഴടക്കാനും കൊട്ടന്തലയിൽ കോട്ട കെട്ടാനുമായി.
 പക്ഷെ, രണ്ടാമത്തെ വരവിൽ ഗാമ വഴി തെറ്റി കാപ്പാട് കടപ്പൊറത്താണ് കപ്പലിറങ്ങിയത്. ചരിത്രത്തിൽ അത് ആദ്യത്തെ കാൽവെപ്പായി കുത്തിക്കുറിക്കപ്പെട്ടു.!

 --------------------------------------------
 തലയില്ലാത്ത ചരിത്രത്തിന്റെ വാല് : ഇത് ഉണ്ടാക്കിക്കഥയല്ല. സാമ്രാജ്യത്വത്തിന്റെ കുഴലൂത്തുകാരായ പടിഞ്ഞാറൻ ചരിത്രകാരന്മാർ മൂടി വെച്ച ചരിത്രമാകുന്നു.! സംശയമുള്ളോർക്ക് താഴെ പറയുന്ന കാര്യങ്ങൾ പരിശോധിക്കാം:
 1. മുണ്ടാപ്പാടത്തിനു ഇപ്പഴും മീന്കുഴിപ്പാടം എന്ന് പറയുന്നുണ്ട്.
 2. ഇപ്പോഴും പുറ്റട്ടാറക്കാർ മീൻ പിടിക്കാൻ പോവാറുള്ളത് ദേശത്തിന്റെ തെക്കുള്ള, മീന്കുഴികൾ നിലനിന്നിരുന്ന ഭാഗത്തേക്കാണ്.
 3.ദേശത്തിന്റെ തെക്കേ അതിരിൽ ഇപ്പോഴും വലിയ മണ്‍പുറ്റുകളുണ്ട്.
 4. പണ്ട് അസൂയ മൂത്ത് കൊട്ടന്തലയിലെ പൂർവികർ ഉണ്ടാക്കിയ ഫെയ്ക്ക് മീന്കുഴികളിൽ ചിലത് നൗഷു പിവിപി, മാലിക് തേനത്ത് / ഫസൽ റഹ്മാൻ , ജംഷീർ പി വി പി തുടങ്ങിയവരുടെ പറമ്പുകളിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. !! ഈയുള്ളവൻ ചെറുപ്പത്തിൽ അവയിൽ ചൂണ്ടയിട്ടിട്ടുമുണ്ട് .!!