![]() |
Sameer Mukkath |

ഓർമ്മകളുടെ വിളനിലമാണ്. പാലത്തിങ്ങൽ സ്കൂളിൽ നമ്മെ പഠിപ്പിച്ചിരുന്ന അദ്ധ്യാപകരെ നമുക്ക് മറക്കാനാവില്ല . കഴിഞ്ഞ ദിവസം പാർവതി ടീച്ചറുമായി അല്പ സമയം സംസാരിച്ചു . തന്റെ പഴയ ശിഷ്യരെ കുറിച്ചു സംസാരിക്കുമ്പോൾ ചക്കിങ്ങൽ തൊടി പാർവതി എന്ന നമ്മുടെ പാർവതി ടീച്ചറുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം ...!!
സി.ടി.ചായിച്ചന്റെയും , കാർത്ത്യായനിയുടെയും മകളായി 1949 ജൂലൈ 1 നാണ് ടീച്ചറുടെ
ജനനം . A.U .P. S മാറാക്കര , R.H.S കോട്ടക്കൽ , R.M.B.T.S വളാന്ജേരി എന്നിവിടങ്ങളിലായിരുന്നു ടീച്ചറുടെ പഠനം . AMLPS കുറ്റിപ്പുറം , AMLPS പാലത്തിങ്ങൽ എന്നിവിടങ്ങളിലാണ് ടീച്ചർ അധ്യാപികയായി സേവനത്തിൽ ഉണ്ടായിരുന്നത് . 1972 -ലാണ് പാലത്തിങ്ങൽ AMLP സ്കൂളിൽ ജോലിയിൽ ചേരുന്നത് . വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിൽക്കുകയായിരുന്ന പ്രദേശത്തെ അധ്യാപന ജോലി വളരെ ആത്മാർത്ഥമായും , ഗൗരവമായുമാണ് ടീച്ചർ അന്ന് ഏറ്റെടുത്തത് . മാടമ്പാട്ട് മൊയ്തുട്ടി മാസ്റ്ററായിരുന്നു അന്ന് പാലത്തിങ്ങൽ സ്കൂളിലെ ഹെഡ്മാസ്റ്റർ . ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ അറബി ഒഴികെയുള്ള വിഷയങ്ങൾ ടീച്ചർ പഠിപ്പിച്ചിട്ടുണ്ട്
ആദ്യ ബാച്ചിൽ 53 കുട്ടികളുണ്ടായിരുന്നതായി ടീച്ചർ ഓർക്കുന്നു . അന്നത്തെ ആദ്യ ബാച്ചിൽ ഉണ്ടായിരുന്ന പലരെയും ടീച്ചർക്കിപ്പോൾ ഓർക്കാൻ കഴിയുന്നുണ്ട് . സ്കൂളിന്റെ പരിസരത്തു തന്നെ താമസിച്ചിരുന്ന പലരെയും ടീച്ചർ നന്നായി ഓർക്കുന്നു . മിടുക്കാരായ നിരവധി കുട്ടികൾ സ്കൂളിൽ ഉണ്ടായിരുന്നതായും , തികഞ്ഞ അച്ചടക്കവും അനുസരണയുമുള്ള നല്ല കുട്ടികളായിരുന്നു പാലത്തിങ്ങലിൽ ഉണ്ടായിരുന്നതെന്നും ടീച്ചർ സ്മരിക്കുന്നു . പാർവതി ടീച്ചർകുറ്റിപ്പുറം AMLP സ്കൂളിൽ ആദ്യം ജോലി ചെയ്തിരുന്ന കാലത്ത് എംപി. അബ്ദുസ്സമദ് സമദാനി MLA ടീച്ചറുടെ ശിഷ്യനായിരുന്നു . പാലത്തിങ്ങൽ സ്കൂളിൽ ഉണ്ടായിരുന്ന ഹാറൂൻ റഷീദ് , യാസർ , പ്രദീപ് , ഗീത , ആയിഷാബി , ഉമ്മർ ഫാറൂക്ക് , നസീർ , ..............തുടങ്ങി ഓരോരുത്തരും പാലത്തിങ്ങലെ ടീച്ചറുടെ സ്വന്തം മക്കളായിരുന്നു . കൂടെ ജോലി ചെയ്തിരുന്ന പ്രിയപ്പെട്ട സഹപ്രവർത്തകരെയും പാർവതി ടീച്ചർക്ക് മറക്കാനാവുന്നില്ല .
നമ്മെയെല്ലാം പല സമയങ്ങളിലായി പഠിപ്പിച്ച പല അദ്ധ്യാപകന്മാരുടെയും പേരുകൾ ടീച്ചർ ഓർത്തെടുത്തു . മൊയ്തുട്ടി മാസ്റ്റർ, കുണ്ടു മാസ്റ്റർ, അഹമ്മദ് കുട്ടി മാസ്റ്റർ,ഭാർഗവൻ മാസ്റ്റർ, തങ്ങൾ മാസ്റ്റർ, മുൻഷി മാസ്റ്റർ,വീരാൻ മാസ്റ്റർ, വാസുദേവൻ മാസ്റ്റർ, പുരുഷോത്തമൻ മാസ്റ്റർ, കുഞ്ഞഹമ്മദു മാസ്റ്റർ,മോഹൻകുമാർ മാസ്റ്റർ,ബാലസുബ്രമണ്യൻ മാസ്റ്റർ,സഗീർ മാസ്റ്റർ. മാണി ടീച്ചർ, ചീരുക്കുട്ടി ടീച്ചർ,ശാരദ ടീച്ചർ, ജഗദമ്മ ടീച്ചർ,രാജമ്മ ടീച്ചർ, ലീല ടീച്ചർ,കമല ടീച്ചർ, സത്യഭാമ ടീച്ചർ, ശാന്ത ടീച്ചർ, ശാന്തകുമാരി ടീച്ചർ,ശാന്തമ്മ ടീച്ചർ,ആമിന ടീച്ചർ,സൗദ ടീച്ചർ, റഹ്മത്ത് ടീച്ചർ,മിനി ടീച്ചർ, ജയശ്രീ ടീച്ചർ,ശ്യാമള ടീച്ചർ,വത്സല ടീച്ചർ, മറിയാമ്മ ടീച്ചർ, ഗിരിജ ടീച്ചർ ,ചന്ദ്രിക ടീച്ചർ, ശ്രീകല ടീച്ചർ, സ്നേഹലത ടീച്ചർ, അംബിക ടീച്ചർ. സഹ അദ്ധ്യാപകരെപ്പോലത്തന്നെ വളരെ സഹകരണവും , സഹായവും നല്കിയിരുന്ന ആളുകളായിരുന്നു പാലത്തിങ്ങലെ നല്ലവരായ രക്ഷിതാക്കളും സ്കൂൾ മാനേജുമെന്റും .
ഈ സ്കൂളിന്റെയും ഇവിടത്തെ കുട്ടികളുടെയും നന്മ ഉദ്ദേശിച്ചും നാടിന്റെ സാമൂഹ്യ -വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ചും പ്രവർത്തിച്ച അധ്യാപകർക്കൊപ്പവും , നാട്ടുകാർക്കൊപ്പവും സേവനം ചെയ്യാൻ സാധിച്ചതിൽ പാർവതി ടീച്ചർ പൂർണ്ണ തൃപ്തയാണ് . ഈ സ്കൂൾ ഇന്നേവരെ ഒരു UP യായോ , ഹൈസ്കൂളായോ ഉയരാത്തതിൽ വിഷമം ഉണ്ടെങ്കിലും വൈകാതെ അതിനു സാധിക്കട്ടെ എന്ന് ടീച്ചർ പ്രാർത്ഥിക്കുന്നു .
ടീച്ചർ ഈ സ്കൂളിൽ അദ്ധ്യാപികയായി എത്തുന്ന കാലത്ത് ഓരോ ക്ലാസുകളും മൂന്ന് ഡിവിഷനുകൽ വീതം ഉണ്ടായിരുന്നു . ഇന്നത്തെ പോലെ പഠന സാമഗ്രികളൊന്നും അന്ന് ലഭ്യമായിരുന്നില്ല .. കുട്ടികള്ക്ക് കളിസ്ഥലവും കുറവായിരുന്നു . വലിയ കുട്ടികളായിരുന്നു അന്നൊക്കെ ; എന്നിരുന്നാലും അനുസരണയും പഠനത്തിൽ തത്പരരുമായിരുന്നു . പല കുട്ടികളും സ്ഥിരമായി സ്കൂളിൽ വരാത്തവരായിരുന്നു .കലാ -കായിക മത്സരങ്ങളിലൊക്കെ പങ്കെടുക്കുന്നതിനു അന്ന് കുട്ടികളെ കിട്ടുമായിരുന്നില്ല . രക്ഷിതാക്കൾക്ക് അത്തരം കാര്യങ്ങളിൽ വലിയ താത്പര്യവും ഉണ്ടായിരുന്നില്ല . ഒരു വർഷം LSS പരീക്ഷ നടക്കുന്ന സമയത്ത് ഉണ്ടായ അനുഭവം ടീച്ചറിന്നും ഓർക്കുന്നു . അന്ന് നാലാം തരത്തിലെ A ക്ലാസ്സും B ക്ലാസ്സും തമ്മിൽ LSS പരീക്ഷയിൽ നല്ല മത്സരമായിരുന്നു . ആ പരീക്ഷയിൽ ടീച്ചറുടെ ക്ലാസ്സിലെ കുട്ടിക്ക് മാത്രമാണ് LSS നേടാനായത് . ആ സന്തോഷം ടീച്ചർക്കിന്നും മറക്കാനാവാത്ത അനുഭവമാണ്.
ജീവിതത്തിൽ വഴിപിഴച്ചു പോവാതെ ഉത്തമ പൗരന്മാരായി വളരണമെന്നാണ് ടീച്ചർക്ക് ഇപ്പോഴും തന്റെ പ്രിയപ്പെട്ട കുട്ടികളോട് പറയാനുള്ളത് . നാടിനും , നാട്ടുകാർക്കും , കുടുംബത്തിനും ഉപയോഗപ്രദമായ രീതിയിൽ ജീവിക്കണം . മാതാപിതാക്കളെയും ഗുരുജനങ്ങളെയും കുറ്റം പറയുന്ന രീതിയിൽ ജീവിക്കരുത് . സ്വപ്രയത്നം മൂലം ഉയർന്ന പദവിയിലെത്താൻ ശ്രമിക്കണം . മയക്ക് മരുന്നുകൾക്കു അടിമയാവരുത് . പഠനത്തോടൊപ്പം സ്വന്തം കഴിവുകളെ വളർത്തി കൊണ്ടുവരാൻ ശ്രമിക്കണമെന്നും ടീച്ചർ ഉപദേശിക്കുന്നു . ആത്മാർത്ഥതയുള്ള അദ്ധ്യാപകർക്ക് നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കും . തന്റെ കുട്ടികളാണെന്ന ബോധം ഓരോ അദ്ധ്യാപകനും ഉണ്ടാവണം . കുട്ടികളുടെ കഴിവുകളെ കണ്ടെത്താൻ സാധിക്കുകയും , അവയെ പ്രോത്സാഹിപ്പിച്ചു വളർത്തിക്കൊണ്ടുവരുകയും ചെയ്യുന്നത് നല്ല അദ്ധ്യാപകരുടെ ലക്ഷണമാണെന്നും ടീച്ചർ അഭിപ്രായപ്പെടുന്നു .
ഇന്നത്തെ സാഹചര്യത്തിൽ തൊഴിലധിഷ്ടിത പഠനങ്ങൾക്ക് പ്രാമുഖ്യം നല്കുകയും , കുട്ടികളുടെ കലാ -കായിക രംഗത്തെ കഴിവുകൾ വളർത്തി കൊണ്ടുവരികയും ചെയ്യണം . ഇതിനു രക്ഷിതാക്കൾക്ക് കാര്യമായ പങ്കുവഹിക്കാനുന്ടെന്നും ടീച്ചർ ഓർമ്മപ്പെടുത്തുന്നു . 32 - വർഷത്തെ സേവനത്തിനു ശേഷമാണ് ടീച്ചർ അദ്ധ്യാപന രംഗത്തുനിന്നും 2004 -ൽ വിരമിച്ചത്. സ്കൂളിൽ നിന്ന് വിരമിച്ചതിനു ശേഷം പാർവതി ടീച്ചർ മുരിക്കൾ ഭാഗത്തുള്ള വീട്ടിൽ വിശ്രമത്തിലാണ്. അസിസ്റ്റന്റ് ടൌൻ പ്ലാനറായിരുന്ന ടി.കെ .ശ്രീനിവാസാൻ ആണ് ഭർത്താവ്. രണ്ടു മക്കളുണ്ട് . ( അഭിമുഖം തയ്യാറാക്കിയത് : സമീർ മുക്കത്ത് )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ